കാണ്ഡഹാറിൽ ഷിയാ മോസ്കിലുണ്ടായ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു


കാബൂൾ: തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഷിയാ മോസ്കിലുണ്ടായ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഇസ്‌ലാമിക് േസ്റ്ററ്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്. രണ്ട് ചാവേറുകൾ കവാടത്തിലെ കാവൽക്കാരെ വെടിവച്ചുവീഴ്ത്തിയ ശേഷം മോസ്കിനുള്ളിലേക്ക് പ്രവേശിച്ച് സ്ഫോടനം നടത്തിയതായി പ്രസ്താവനയിൽ പറയുന്നു. ഐഎസിന്‍റെ പ്രാദേശിക ശാഖയായ ഐഎസ്−കെയാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിൽ മുന്പ് നിരവധി ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. കൂടാതെ ഐഎസ്−കെ താലിബാൻ ഭരകൂടത്തെ എതിർക്കുന്നവരുമാണ്. അഫ്ഗാനിലെ ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഭീകരവാദ സംഘടനയാണ് സുന്നി മുസ്‌ലിം ഗ്രൂപ്പായ ഐഎസ്−കെ. ഇതിനിടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ൽ അധികമായി. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു ബിബി ഫാത്തിമ മോസ്കിനുനേരേ ആക്രമണമുണ്ടായത്. നാലു പേരാണ് ചാവേർ സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

സുരക്ഷാകവാടത്തിൽ രണ്ടുപേർ സ്ഫോടനം നടത്തുന്നതിനിടെ രണ്ടുപേർ മോസ്കിനുള്ളിലേക്ക് ഓടിക്കയറി സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി താലിബാൻ വക്താവ് ബിലാൽ കാരിമി പറഞ്ഞു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് സാധാരണയായി 500ഓളം പേർ പങ്കെടുക്കാറുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരവധി മൃതദേഹങ്ങൾ മോസ്കിനുള്ളിൽ ചിന്നിച്ചിതറിക്കിടക്കുകയാണ്. കാർപെറ്റിലും മറ്റും രക്തം തളംകെട്ടിനിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാർക്കെതിരേ ഐഎസ് നിരവധി ആക്രമണങ്ങളാണ് നടത്തിയത്. സുന്നി ആചാരങ്ങളാണ് താലിബാനും ഐഎസും പിന്തുടരുന്നത്. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് താലിബാനെങ്കിൽ ഐഎസ് ഇതിനെ എതിർക്കുകയാണ്.

You might also like

Most Viewed