തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യുഎഇ


തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യുഎഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം ജീവനക്കാരിൽനിന്ന് ഉടൻ പിഴ ഈടാക്കാൻ തുടങ്ങും.2023 ജനുവരിയിലാണ് ജോലി നഷ്ടപ്പെടുമ്പോൾ സംരക്ഷണം ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഒക്ടോബറിൽ അവസാനിക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്ന തൊഴിലാളികൾക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. കൃത്യസമയത്ത് തവണ വ്യവസ്ഥയിലുള്ള തുക അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹമും പിഴ ചുമത്തും. മന്ത്രാലയത്തിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ അംഗീകൃത ബിസിനസ് സേവന കേന്ദ്രങ്ങൾ സന്ദർശിച്ചോ പിഴ പരിശോധിക്കാനും അടക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 

പിഴ അടക്കാത്ത തൊഴിലാളികൾക്കെതിരെ പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പിഴ തുക ജീവനക്കാരന്റെ ശമ്പളത്തിൽനിന്നോ സേവനാനന്തര ആനുകൂല്യങ്ങളിൽ നിന്നോ പിടിക്കുകയും ചെയ്യും. ഇതിനകം 67ലക്ഷത്തിലധികം തൊഴിലാളികൾ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മറ്റൊരു അറിയിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലും ഫെഡറൽ സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടും. സ്വന്തമായി സ്ഥാപനമുള്ള നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ, താൽകാലിക വർക് പെർമിറ്റുള്ള ജീവനക്കാർ, 18വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, വിരമിച്ച ശേഷം പെൻഷൻ ലഭിക്കുകയും മറ്റൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തവർ എന്നിവർക്കാണ് പദ്ധതിയിൽ ചേരുന്നതിന് ഇളവുള്ളത്. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മാന്യമായ ജീവിതം നിലനിർത്താൻ സഹായിക്കുന്ന സാമൂഹിക സുരക്ഷാ സംവിധാനമാണ് ഇൻഷൂറൻസ് പദ്ധതി. 

article-image

zxcvz

You might also like

  • Lulu Exchange
  • Straight Forward

Most Viewed