പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമെങ്കിൽ യുഎഇയിലേക്ക് സന്ദർശക വിസയിൽ പോകാനാകില്ല

പാസ്‌പോർട്ടിൽ നൽകിയിരിക്കുന്നത് നിങ്ങളുടെ ഒറ്റപ്പേര് (സിംഗിൾ നെയിം) മാത്രമാണെങ്കിൽ ഇനിമുതൽ യുഎഇയിലേക്ക് സന്ദർശക വിസയിൽ പ്രവേശനമുണ്ടാകില്ലെന്ന് അറിയിപ്പ്. ടൂറിസ്റ്റ് വിസയിലോ സന്ദർശക വിസയിലോ ആണെങ്കിൽ പാസ്‌പോർട്ടിൽ ഒറ്റപ്പേര് മാത്രമാണുള്ളതെങ്കിൽ യാത്ര അനുമതി നൽകരുതെന്ന് അധികൃതർ ഇൻഡിഗോ എയർലൈൻസിനും എയർ ഇന്ത്യക്കും നിർദേശം നൽകി.
നവംബർ 21 മുതലാണ് ഈ നിർദേശം നടപ്പിലായത്. ഒറ്റപ്പേര് വേണ്ട എന്നതിനർത്ഥം ഫസ്റ്റ്, ലാസ്റ്റ് പേരുകൾ കൃത്യമായി പാസ്‌പോർട്ടിൽ കാണിച്ചിരിക്കണം എന്നതാണ്.
പാസ്പോർട്ടിൽ ഒറ്റ പേരുള്ള, താമസാനുമതിയോ തൊഴിൽ വിസയോ ഉള്ള യാത്രക്കാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ അതേ പേര് ‘ഫസ്റ്റ് നെയിം’, ‘സർനെയിം’ എന്നീ കോളങ്ങളിൽ അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങളറിയാൻ ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് പരിശോധിക്കാനും നിർദേശത്തിൽ പറയുന്നു.
പാസ്‌പോർട്ടിൽ സർ/ഗിവൺ നെയിമുകളിൽ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് ഒറ്റപ്പേർ ഉളളതെങ്കിലും യാത്രാനുമതി ലഭിക്കില്ല. ഈ രണ്ട് കോളങ്ങളിൽ ഏതെങ്കിലും ഒന്നിൽ മുഴുവൻ പേരുണ്ടെങ്കിൽ അനുമതി ലഭിക്കും. രണ്ട് കോളങ്ങളിലുമായി ഗിവൺ നെയിമും സർ നെയിമും നൽകിയിട്ടുണ്ടെങ്കിലും അനുമതിയുണ്ട്.
tut