ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാർക്ക് മടങ്ങിവരാമെന്ന് യുഎഇ


ദുബൈ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാർക്ക് ഞായറാഴ്ച മുതൽ മടങ്ങിവരാമെന്ന് യുഎഇ. ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് മടങ്ങിയെത്താൻ അനുമതി നൽകിയത്. ആറു മാസത്തിലധികം വിദേശത്ത് താമസിച്ച വാക്‌സിൻ കുത്തിവച്ച എല്ലാ താമസ വിസക്കാർ‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ−കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. സാധുതയുള്ള താമസ വിസക്കാർ‍ക്കാണ് യുഎഇയിൽ‍ തിരികെ എത്താന്‍ കഴിയുക. 

ഇന്ത്യക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്രാനുമതി ലഭിച്ചത്. വാക്സിൻ സർ‍ട്ടിഫിക്കറ്റ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റിൽ‍ അപ്‌ലോഡ് ചെയ്താൽ യാത്രാനുമതി ലഭിക്കും. യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുന്പ് 48 മണിക്കൂറിനുള്ളിൽ അംഗീകൃത ലാബിൽ നടത്തിയ ക്യൂആർ കോഡ് ഉള്ള നെഗറ്റീവ് പിസിആർ പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്. 

ബോർഡിംഗിന് തൊട്ട് മുന്പും യുഎഇയിൽ‍ എത്തി നാലാം ദിനവും ആറാം ദിനവും പിസിആർ ടെസ്റ്റ് നടത്തണം. 16 വയസിന് താഴെയുള്ള കുട്ടികളെ ഈ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർ‍ക്ക് രാജ്യത്ത് ക്വാറന്‍റൈനില്ല.  അതേസമയം, പ്രതിരോധ വാക്സിൻ സ്വീകരിക്കാതെ ഇന്ത്യയിൽ‍ നിന്ന് അബുദാബിയിലെത്തുന്നവർ‍ക്ക് പത്ത് ദിവസം ക്വാറന്‍റൈനിൽ കഴിയണം.

You might also like

Most Viewed