വാക്‌സിനെടുക്കാത്തവർക്കെതിരെ യുഎഇയിൽ കർശന നിയന്ത്രണങ്ങൾ വരുന്നു
അബുദാബി: കൊവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവർക്ക് യാത്രാ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തീരുമാനവുമായി യുഎഇ. നാഷണൽ ക്രൈസിസ് ആന്റ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അൽ ദഹേരി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വാക്‌സിൻ എടുക്കാത്തവർക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും ചില കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും ഇവർക്ക് വിലക്ക് കൊണ്ടുവാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇവർക്ക് ചില സേവനങ്ങൾ നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ആലോചിക്കുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനമെന്നും അതോറിറ്റി വക്താവ് വ്യക്തമാക്കി.
16 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിൻ എടുക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം കൊവിഡ് വ്യാപനത്തെ പ്രതിരോധിച്ചുനിർത്തുക സാധ്യമല്ല. വൈറസിന്റെ ജനിതക മാറ്റം തടയാനും അത് അനിവാര്യമാണ്. 'വാക്‌സിനെടുക്കാനുള്ള നിങ്ങളുടെ വിമുഖത ഞങ്ങളുടെ ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുകയാണ്'− അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ താൽപര്യക്കുറവ് നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെയും സമൂഹത്തെ ഒന്നടങ്കവും അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വാക്‌സിനേഷന്‍ അല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് വാക്‌സിനെടുക്കാൻ അർഹതയുള്ള ജനവിഭാഗങ്ങളിൽ 65.54 ശതമാനം പേരും വാക്‌സിനെടുത്തു കഴിഞ്ഞു. 50,81,853 പേരാണ് ഇതിനകം ആദ്യ ഡോസ് വാക്‌സിനെടുത്തത്. ഇവരിൽ 38,36,521 പേർ രണ്ടാം ഡോസും എടുത്തു.




