വ്യോമപ്രതിരോധ നടപടികൾക്ക് പിന്നാലെ അബുദാബിയിലെ ബോറൂഷ് പ്ലാന്റിൽ തീപിടുത്തം
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: അബുദാബിയിലെ ബോറൂഷ് പെട്രോകെമിക്കൽ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ അധികൃതർ ശ്രമം തുടരുന്നു. ആകാശമാർഗ്ഗമെത്തിയ ഭീഷണികൾ പ്രതിരോധ സംവിധാനം തകർത്തെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് പ്ലാന്റിൽ പലയിടത്തും തീപിടുത്തമുണ്ടായത്.
ശത്രുരാജ്യങ്ങളിൽ നിന്ന് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനു പിന്നാലെ സാഹചര്യം നിയന്ത്രിക്കുന്നതിനായി അടിയന്തര രക്ഷാസേനയെ ഉടൻ തന്നെ സ്ഥലത്ത് വിന്യസിച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിന്റെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സ്ഥിതിഗതികൾ വിലയിരുത്തുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണികളെ യുഎഇ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) നേരത്തെ അറിയിച്ചിരുന്നു. ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ ഇവ നിർവീര്യമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
േ്ി്േി
