പ്രാദേശിക ബാങ്കുകൾ വഴി 200 മില്യൺ ദിനാർ വിപണിയിൽ എത്തിക്കും ; ബഹ്റൈൻ ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ജനപ്രതിനിധി സഭയിലെ ധനകാര്യ-സാമ്പത്തിക സമിതി അഹമ്മദ് സബാഹ് അൽ സലൂമിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. രാജ്യത്തെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പുതിയ ബില്ലുകളും നിർദ്ദേശങ്ങളും സമിതി യോഗത്തിൽ അവലോകനം ചെയ്തു.
ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാർ, സാമ്പത്തിക അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതിനുള്ള അന്താരാഷ്ട്ര കരാർ തുടങ്ങിയവ സമിതിയുടെ പരിഗണനയ്ക്ക് വന്നു. കോർപ്പറേറ്റ് ആദായനികുതി നിയമം, ഉപഭോക്തൃ സംരക്ഷണ നിയമ ഭേദഗതി, ഇലക്ട്രോണിക് ഇടപാടുകളിലെ മാറ്റങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. ഇവയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ സമിതി തീരുമാനിച്ചു.
സാമ്പത്തിക മേഖലയെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക ബാങ്കുകൾ വഴി 200 മില്യൺ ദിനാർ വിപണിയിൽ എത്തിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സമിതി അംഗീകാരം നൽകി. റിപ്പോർട്ട് കൗൺസിൽ ബ്യൂറോയ്ക്ക് സമർപ്പിച്ചു.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന നിർദ്ദേശത്തിന് സമിതി അംഗീകാരം നൽകി. നിലവിൽ ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ മിനിമം പേയ്‌മെന്റ് 5 ശതമാനത്തിൽ നിന്നും 2.5 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശം. കൂടാതെ എല്ലാ ബാങ്കുകളുടെയും ബില്ലിംഗ് തീയതി മാസത്തിലെ ഇരുപതാം തീയതിയായി ഏകീകരിക്കാനും സെൻട്രൽ ബാങ്കിന് നിർദ്ദേശം നൽകും.
മരണപ്പെട്ട പൗരന്മാരുടെ സർക്കാർ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട നിയമ നിർദ്ദേശത്തിന് സമിതി അംഗീകാരം നൽകി. എന്നാൽ ചേംബർ ഓഫ് കൊമേഴ്‌സ് നിയമത്തിലെ ചില ഭേദഗതികൾ സമിതി തള്ളുകയും ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൈനബ് അബ്ദുൽ അമീർ ഖലീൽ ഉൾപ്പെടെയുള്ള സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
sdgdfg




