തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സണ്ണി ലിയോൺ
ചെന്നൈ: തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ബോളിവുഡ് താരം സണ്ണി ലിയോൺ. പീരീഡ് ഹൊറർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയിൽ തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ ഒരു രാജ്ഞിനിയുടെ വേഷമാണ് താരം ചെയ്യുന്നത്. യുവനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ കോമഡി താരങ്ങളായ സതീഷും സഞ്ജനയും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. സണ്ണിയുടെ ഭാഗങ്ങൾ ചിത്രീകരിക്കുന്നത് ജൂണിലായിരിക്കും. ചരിത്ര കാലത്തെ സീനുകൾ മുംബൈയിൽ നിർമ്മിക്കുന്ന പ്രത്യേക സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. രമേശ് തിലക്, മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ജാവേദ് റിയാസാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.
നിലവിൽ സണ്ണി ലിയോൺ മലയാള ചിത്രമായ ഷീറോയുടെ ചിത്രീകരണത്തിനായി കേരളത്തിലാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിർവഹിക്കുന്നത്. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് അവസാന വാരമായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിലും രംഗീല എന്ന് സിനിമയിലും നടി അഭിനയിച്ചിരുന്നു. മധുരരാജയിൽ മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നന്പറിലാണ് സണ്ണി ലിയോണി ഡാൻസ് ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. സണ്ണി ലിയോണി ആദ്യമായി മലയാള സിനിമയിൽ ചെയ്ത ഐറ്റം ഡാൻസ് ആയിരുന്നു അത്.




