ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; ഷെൽട്ടറുകളിൽ തുടരണമെന്ന നിർദ്ദേശം എംബസി പിൻവലിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർ ഷെൽട്ടറുകളിൽ തുടരണമെന്ന മുൻ ഉത്തരവ് യുഎസ് എംബസി പിൻവലിച്ചു. എങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി പുറപ്പെടുവിച്ച പുതിയ സുരക്ഷാ കുറിപ്പിൽ വ്യക്തമാക്കി.
മേഖല വിടാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരെ സഹായിക്കാൻ യുഎസ് സർക്കാർ സജ്ജമാണെന്നും ലഭ്യമായ യാത്രാ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നും എംബസി അറിയിച്ചു. അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രഥമ പരിഗണന നൽകുന്നതെന്ന് എംബസി വ്യക്തമാക്കി.
ബഹ്‌റൈനിൽ തുടരാൻ തീരുമാനിക്കുന്നവർ ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കരുതിവെക്കണമെന്നും പ്രാദേശിക അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഷെൽട്ടർ നിർദ്ദേശം പിൻവലിച്ചെങ്കിലും, പ്രാദേശിക അധികൃതരിൽ നിന്ന് പുതിയ മുന്നറിയിപ്പുകൾ ഉണ്ടായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സജ്ജരായിരിക്കണം. ഇറാന്റെയോ അവരുടെ സായുധ ഗ്രൂപ്പുകളുടെയോ ഭാഗത്തുനിന്ന് ഭീഷണികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്നും എംബസി ഓർമ്മിപ്പിച്ചു.
നിലവിൽ എംബസിയിലെ സാധാരണ കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് (CRBA) തുടങ്ങിയ പരിമിതമായ സേവനങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി ManamaConsular@state.gov എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
sds




