ഇസ്രയേലുമായുള്ള കരാർ സമാധാനത്തിന് വഴിയൊരുക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി


 

അബുദാബി: യു.എ.ഇ - ഇസ്രയേൽ സമാധാന ഉടന്പടിയിൽ ഒപ്പിടാനായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നടത്തിവന്ന വാഷിങ്ടൺ സന്ദർശനം സമാപിച്ചു. വിദേശകാര്യ, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുതിർന്ന കോൺഗ്രസ് അംഗങ്ങൾ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യു.എ.ഇ - ഇസ്രയേൽ കരാർ പലസ്തീൻ പ്രദേശത്തിന്റെ കൂട്ടിച്ചേർക്കൽ തടയുന്നതിലൂടെ പ്രാദേശിക സമാധാനവും സുസ്ഥിരതയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചർച്ചകളിൽ അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയും യു.എസും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെക്കുറിച്ചും ചർച്ചചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദവിരുദ്ധതയ്ക്കും പ്രാദേശികസ്ഥിരതയ്ക്കുള്ള ഭീഷണികൾ തടയുന്നതിനുമുള്ള ശ്രമങ്ങളിൽ സഹകരിക്കാനുമുള്ള പ്രതിബദ്ധത പങ്കുവെക്കുന്നതിനെപ്പറ്റിയും ഇരു വിഭാഗവും ചർച്ചചെയ്തു.
യു.എ.ഇ - ഇസ്രയേൽ ഉടന്പടിക്ക് നേതൃത്വം നൽകിയതിനും പിന്തുണ നൽകിയതിനും കോൺഗ്രസ് അംഗങ്ങൾക്ക് ശൈഖ് അബ്ദുല്ല നന്ദിപറഞ്ഞു. പലസ്തീൻ ജനതയോടുള്ള യു.എ.ഇയുടെ ദീർഘകാല പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപരവുമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ച യു.എ.ഇ - യു.എസ്. പങ്കാളിത്തത്തിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല വിശദീകരിച്ചു.

You might also like

Most Viewed