മയക്കുമരുന്ന് കടത്താൻ ശ്രമം; യുഎഇയിൽ പിടിയിലായ വിദേശിക്ക് ശിക്ഷ വിധിച്ചു
ദുബായ്: വസ്ത്രങ്ങളിൽ വിതറി 18.2 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ വിദേശിക്ക് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവും 50,000 ദിർഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലയളവ് പൂർത്തിയായ ശേഷം ഇയാളെ നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. ഏപ്രിൽ ഏഴിനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 39കാരനായ പ്രതി പിടിയിലായത്.
പ്രതിയുടെ ബാഗേജുകൾ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് പിടിച്ചത്. വസ്ത്രത്തിൽ താന്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നായിരുന്നു ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നാട്ടിലുള്ള മറ്റൊരാൾ തന്നയച്ചതാണെന്നും യുഎഇയിലുള്ള ബന്ധുവിന് കൈമാറാനുള്ളതാണ് വസ്ത്രങ്ങളെന്നുമാണ് ഇയാൾ പറഞ്ഞത്. 32 വസ്ത്രങ്ങളിലായി ക്രിസ്റ്റൽ മെത്ത് ഇനത്തിലുള്ള 18.2 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും ഈ വാദങ്ങൾ തള്ളിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 15 ദിവസത്തിനകം അപ്പീൽ നൽകാന്‍ സാധിക്കും.

