പെട്രോൾ കാറുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറി സൗദി; ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടം


പ്രദീപ് പുറവങ്കര

മനാമ/റിയാദ്: പരമ്പരാഗത പെട്രോൾ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം ചുവടുമാറ്റി സൗദി അറേബ്യ. വിഷൻ 2030-ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം വ്യാപിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ സമഗ്ര പദ്ധതികളുടെ ഭാഗമായി രാജ്യത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയിൽ ചരിത്രപരമായ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിയിൽ 679 ശതമാനത്തിന്റെ കൂറ്റൻ വളർച്ചയാണ് ഉണ്ടായത്. തൊട്ടുമുൻപത്തെ വർഷം 6.1 കോടി റിയാൽ വിലവരുന്ന 178 കാറുകൾ മാത്രം ഇറക്കുമതി ചെയ്ത സ്ഥാനത്ത്, കഴിഞ്ഞ വർഷം 24.1 കോടി റിയാൽ മൂല്യമുള്ള 1,386 ഇലക്ട്രിക് കാറുകളാണ് സൗദി വിപണിയിലെത്തിയത്.

സൗദിയിലേക്കെത്തുന്ന ഇലക്ട്രിക് കാറുകളിൽ വൻ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത ആകെ കാറുകളുടെ 89.3 ശതമാനവും (1,237 എണ്ണം) ചൈനയിൽ നിന്നായിരുന്നു. ജർമ്മനി (74 കാറുകൾ), അമേരിക്ക (37 കാറുകൾ) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. നടപ്പു വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇറക്കുമതി ചെയ്ത 550 കാറുകളിൽ 545 എണ്ണവും (99.1%) ചൈനയിൽ നിന്നുള്ളതാണെന്നത് ഈ മേഖലയിലെ അവരുടെ ശക്തമായ സ്വാധീനത്തിന് തെളിവാണ്. സാധാരണ കാറുകൾക്ക് പുറമെ കോടികൾ വിലമതിക്കുന്ന അത്യാഡംബര സൂപ്പർ കാറുകളുടെ ഇറക്കുമതിയും വിവിധ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് നടക്കുന്നുണ്ട്.

കയറ്റുമതിയിലും മുന്നേറ്റംഇറക്കുമതിക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ പുനർ കയറ്റുമതിയിലും സൗദി മികച്ച നേട്ടമാണ് കൈവരിക്കുന്നത്. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 163 ശതമാനം വളർച്ച രേഖപ്പെടുത്തി. 3.3 കോടി റിയാൽ മൂല്യമുള്ള 134 കാറുകളാണ് ഓസ്ട്രിയ, യു.എ.ഇ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗദി കയറ്റി അയച്ചത്. രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും അതിവേഗം വിപുലീകരിക്കുന്നതോടെ സൗദി നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സുവർണ്ണ കാലഘട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed