കേരളത്തിൽ ബാറുകളുടെ എണ്ണത്തിൽ വൻ വർധന; എറണാകുളം ഒന്നാമത്, തൃശൂർ രണ്ടാമത്


ഷീബ വിജയൻ

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാറുകൾ പ്രവർത്തിക്കുന്നത് എറണാകുളം ജില്ലയിലെന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം എറണാകുളത്ത് 212 ബാറുകളാണ് പ്രവർത്തിക്കുന്നത്. 2016 മാർച്ചിൽ വെറും 11 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് പത്തു വർഷം കൊണ്ട് ഈ വൻ വർധനവുണ്ടായത്. 2021-ൽ ഇത് 164 ആയിരുന്നു.

116 ബാറുകളുമായി തൃശൂർ ജില്ലയാണ് പട്ടികയിൽ രണ്ടാമത്. 2016-ൽ ഒരു ബാറിന് മാത്രമായിരുന്നു തൃശൂരിൽ അനുമതിയുണ്ടായിരുന്നത്. തിരുവനന്തപുരം (98), കോട്ടയം (88), കൊല്ലം (75), ആലപ്പുഴ (58), പാലക്കാട് (58) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള മറ്റ് ജില്ലകളിലെ കണക്കുകൾ.

കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തുടനീളം ബാറുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2016 മാർച്ച് 31-ന് സംസ്ഥാനത്താകെ 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഈ വർഷം മാർച്ചോടെ ആകെ എണ്ണം 905 ആയി ഉയർന്നതായി രേഖകൾ വ്യക്തമാക്കുന്നു. കാക്കനാട് സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയിലാണ് എക്സൈസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

2016-ൽ ബാറുകളുടെ ലൈസൻസ് ഫീസ് 22 ലക്ഷമായിരുന്നത് പിന്നീട് 35 ലക്ഷമായി ഉയർത്തിയെങ്കിലും പുതിയ ബാറുകൾ ആരംഭിക്കുന്നതിൽ കുറവൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed