കുവൈത്തിൽ ഇന്ത്യൻ യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ


പ്രദീപ് പുറവങ്കര 

കുവൈറ്റ് സിറ്റി: ജോലിസ്ഥലത്തെ മുൻവൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനായ ഇന്ത്യൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മറ്റൊരു ഇന്ത്യൻ സ്വദേശിയെ ജഹ്റ ഡിറ്റക്ടീവുകൾ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അൽ-അബ്ദാലി മേഖലയിലെ ഒരു ഫാമിൽ വെച്ച് ആളുകൾ തമ്മിൽ ശക്തമായ വഴക്ക് നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും 34 വയസ്സുകാരനായ ഇന്ത്യൻ യുവാവ് ശരീരമാസകലം ഗുരുതരമായി കുത്തേറ്റ മുറിവുകളോടെ രക്തത്തിൽ കുളിച്ചു മരിച്ച നിലയിലായിരുന്നു.

കൃത്യം നിർവ്വഹിച്ച ശേഷം 28 വയസ്സുകാരനായ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് തിരച്ചിൽ ഊർജ്ജിതമാക്കിയ ജഹ്റ ഡിറ്റക്ടീവ് വിഭാഗം അതേ പ്രദേശത്തെ സമീപത്തുള്ള മറ്റൊരു ഫാമിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ജോലി സംബന്ധമായി മുൻപുണ്ടായിരുന്ന തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് അക്രമത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പ്രതിയുടെ കുറ്റസമ്മത മൊഴിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കേസ് ഫയലിൽ തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെയും കേസ് ഫയലും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed