ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയുള്ളവരുമായി ലൈംഗികബന്ധം പോക്‌സോ കുറ്റം: കേരള ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: ഭാര്യയാണെങ്കിൽ പോലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ള ആരെയും കുട്ടിയെന്ന നിലയിലാണ് നിയമം കാണുന്നതെന്നും അതിനാൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നതിന് പ്രസക്തിയില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
മുസ് ലിം വ്യക്തിനിയമപ്രകാരം വിവാഹം ചെയ്ത പെൺകുട്ടിയുമായി ശാരീരികബന്ധം പുലർത്തിയെന്ന പേരിൽ തനിക്കെതിരെയെടുത്തിട്ടുള്ള പോക്‌സോ കേസും ലൈംഗികാതിക്രമ കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27-കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി ഉത്തരവ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിടുന്ന പോക്‌സോ നിയമത്തിന് വ്യക്തിനിയമങ്ങളേക്കാൾ മുൻഗണനയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
17-കാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു എന്നാരോപിച്ച് 2022-ലാണ് പൊലീസ് കേസെടുത്തത്. എന്നാൽ പെൺകുട്ടി നിയമപരമായി തന്റെ ഭാര്യയാണെന്നും 15 വയസ്സ് കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് ഭാരതീയ ശിക്ഷാനിയമത്തിൽ ഇളവുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, ഭാര്യയ്ക്ക് 15 വയസ്സ് തികഞ്ഞാൽ ലൈംഗികബന്ധം കുറ്റകരമല്ലെന്ന ഐപിസിയിലെ വ്യവസ്ഥ സുപ്രീംകോടതി മുൻപ് തന്നെ റദ്ദാക്കിയിട്ടുണ്ടെന്നും ഈ പ്രായപരിധി 18 വയസ്സാക്കി ഉയർത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതിനാൽ പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിൽ തുടർനടപടികളാകാമെന്നും ഹൈക്കോടതി വ്യക്താക്കി.
aa

