വിസ, എമിറേറ്റ്സ് ഐഡി തട്ടിപ്പുകൾ: ജാഗ്രതാ നിർദേശവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രദീപ് പുറവങ്കര
ദുബായ്: പാസ്‌പോർട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ മറവിൽ നടക്കുന്ന വൻ തട്ടിപ്പുകൾക്കെതിരെ യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. എമർജൻസി സർട്ടിഫിക്കറ്റ്, എക്‌സിറ്റ് പാസ്, തൊഴിൽ രേഖകൾ എന്നിവ വേഗത്തിൽ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ രംഗത്തുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും പാസ്‌പോർട്ട്, ഐഡി രേഖകളും കൈക്കലാക്കുന്ന ആസൂത്രിത സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. വിരലടയാളം, ഐറിസ് സ്കാൻ, മുഖം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന ഇവർ, ഇവ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ വായ്പകളും ക്രെഡിറ്റ് കാർഡുകളും എടുക്കുകയോ ചെയ്യുന്നു. അനധികൃത പണമിടപാടുകൾക്ക് ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതോടെ യഥാർത്ഥ ഉടമകൾ വലിയ നിയമക്കുരുക്കിലും ട്രാവൽ ബാനിലും ജയിൽ ശിക്ഷയിലും അകപ്പെടാൻ സാധ്യതയുണ്ട്.
ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ പൊതുജനങ്ങളിൽ നിന്ന് ഇത്തരത്തിൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ആവശ്യങ്ങളുമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ ടോൾ ഫ്രീ നമ്പറായ 80046342 വഴിയോ, 00971 5430 90571 എന്ന വാട്‌സ്ആപ്പ് നമ്പറിലോ, pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് കോൺസുലേറ്റ് അറിയിച്ചു.
aa

