യു.എ.ഇയിൽ ഡിജിറ്റൽ ബാങ്കിങ് സുരക്ഷ കടുപ്പിച്ചു: പുതിയ വെരിഫിക്കേഷൻ സംവിധാനങ്ങൾ നിലവിൽ വന്നു
ഷീബ വിജയൻ
അബുദാബി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ പണത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബാങ്കിങ് ആപ്ലിക്കേഷനുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി യു.എ.ഇ അധികൃതർ. വ്യാജ ലോഗിനുകൾ, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ, വെരിഫിക്കേഷൻ കോഡുകളുടെ (OTP) ദുരുപയോഗം എന്നിവ തടയുന്നതിന്റെ ഭാഗമായി ഐഡന്റിറ്റി വെരിഫിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി.
പുതിയ പരിഷ്കരണ പ്രകാരം ബാങ്കിങ് ആപ്പുകളിൽ പ്രവേശിക്കുമ്പോഴും പണമിടപാടുകൾ നടത്തുമ്പോഴും ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിലേക്ക് പ്രത്യേകം പുഷ് നോട്ടിഫിക്കേഷൻ സന്ദേശം ലഭിക്കും. ഇടപാടിന്റെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉപഭോക്താവിന് ആപ്പിൽ നിന്ന് നേരിട്ട് 'അംഗീകരിക്കാനും' (Approve) അല്ലെങ്കിൽ 'നിരസിക്കാനും' (Reject) ഇതിലൂടെ സാധിക്കും.
സുരക്ഷയുടെ രണ്ടാം ഘട്ടമായി ഫെയ്സ് റെക്കഗ്നിഷൻ, ഫിംഗർ പ്രിന്റ് തുടങ്ങിയ ബയോമെട്രിക് പരിശോധനകൾക്ക് പുറമേ നിർബന്ധിത പിൻ കോഡ് നൽകാനുള്ള സംവിധാനവും ആപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം അധിക സുരക്ഷാ മാനദണ്ഡങ്ങൾ വഴി ഉപഭോക്താക്കളുടെ തുക പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
adsdsdsf

