തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും 'നിർഭയ' മോഡൽ ക്രൂരത; സ്ലീപ്പർ ബസ്സിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി
ശാരിക
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഡൽഹിയിൽ വീണ്ടും ഓടുന്ന ബസ്സിൽ പെൺകുട്ടിക്കുനേരെ നിർഭയ മോഡൽ ക്രൂരത. സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പർ ബസ്സിൽ വെച്ച് ഉത്തരപ്രദേശ് സ്വദേശിയായ പതിനാറുകാരിയായ വിദ്യാർഥിനിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ഓഗസ്റ്റ് നാലിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് പുറത്തുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ കാഷ്മീരി ഗേറ്റ് മേഖലയിലാണ് സംഭവം നടന്നത്. ഗ്രേറ്റർ നോയിഡയിലെ പരി ചൗക്ക് മുതൽ കാഷ്മീരി ഗേറ്റ് ടെർമിനൽ വരെയുള്ള 47 കിലോമീറ്റർ ദൂരം ബസ് സഞ്ചരിക്കുന്നതിനിടെയാണ് വിദ്യാർഥിനിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് അർധരാത്രിയോടെ കാഷ്മീരി ഗേറ്റിന് സമീപമുള്ള റിംഗ് റോഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഭയന്നുപോയ പെൺകുട്ടി കാഷ്മീരി ഗേറ്റ് പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഉത്തരപ്രദേശിലെ മൈൻപുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി വീട്ടുകാരുമായി പിണങ്ങി നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെൺകുട്ടി പരി ചൗക്കിൽ ഇറങ്ങുകയും സഹായത്തിനായി വഴിയിൽ കണ്ട സ്ലീപ്പർ ബസ്സിന് കൈ കാണിക്കുകയും ചെയ്തു.
നോയിഡ സെക്ടർ 63-ലേക്കാണു പോകുന്നതെന്ന് പറഞ്ഞ് മറ്റ് യാത്രക്കാരാരുമില്ലാതിരുന്ന ബസ്സിലേക്ക് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ കയറ്റുകയായിരുന്നു. ബസ് മുന്നോട്ട് നീങ്ങിയതോടെ കണ്ടക്ടർ മോശമായി പെരുമാറുകയും ഡ്രൈവറുമായി ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
aa

