ബഹ്റൈനിലെ മുനിസിപ്പൽ കൗൺസിൽ യോഗങ്ങൾ അടുത്ത ആഴ്ച പുനരാരംഭിക്കും


പ്രദീപ് പുറവങ്കര

മനാമ: തടസ്സപ്പെട്ട പദ്ധതികൾ, മാലിന്യ സഞ്ചി നിരക്കുകൾ, വസ്തുക്കളുടെ പ്ലാനിംഗ് വർഗ്ഗീകരണത്തിൽ ഭൂവുടമകൾക്കുള്ള ആശങ്കകൾ തുടങ്ങി നിരവധി പ്രാദേശിക വിഷയങ്ങൾക്ക് പരിഹാരം കാണാൻ ബഹ്‌റൈനിലെ മുനിസിപ്പൽ കൗൺസിൽ യോഗങ്ങൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുന്നു.

നോർത്തേൺ മുനിസിപ്പൽ കൗൺസിൽ യോഗം സെപ്റ്റംബർ 14-ന് ചേരുമെന്ന് വൈസ് ചെയർപേഴ്‌സൺ സൈന ജാസിം അറിയിച്ചു. നിലച്ച വികസന പ്രവർത്തനങ്ങൾ, മുനിസിപ്പൽ ഫീസുകൾ, കെട്ടിട നിർമാണ പെർമിറ്റുകൾ, ഭൂമി വർഗ്ഗീകരണം എന്നിവയായിരിക്കും കൗൺസിൽ ആദ്യം പരിഗണിക്കുക. പ്രാദേശിക സാഹചര്യങ്ങൾ കാരണം തടസ്സപ്പെട്ട പദ്ധതികളുടെ ബജറ്റ് പുനഃപരിശോധിച്ച് മുൻഗണനകൾ നിശ്ചയിക്കുമെന്നും അവർ പറഞ്ഞു.

മുനിസിപ്പൽ ഫീസിലൂടെ ഈടാക്കുന്ന മാലിന്യ സഞ്ചി നിരക്കുകൾ കുറയ്ക്കാനും ജനങ്ങൾക്ക് ആവശ്യമുള്ള ബാഗുകൾ നേരിട്ട് വാങ്ങാൻ സ്വാതന്ത്ര്യം നൽകാനും കൗൺസിൽ ശുപാർശ ചെയ്യും. കെട്ടിടവും റോഡും വെവ്വേറെ ഉയരത്തിലാകുന്നത് തടയാൻ പെർമിറ്റുകളിൽ റോഡ് ലെവൽ നിർബന്ധമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കൂടാതെ, 20 വർഷത്തിലേറെ പഴക്കമുള്ള പ്ലാനിംഗ് വർഗ്ഗീകരണങ്ങൾ നഗരാസൂത്രണ വികസന അതോറിറ്റി മാറ്റുമ്പോൾ ഭൂവുടമകൾക്ക് അപ്പീൽ നൽകാനുള്ള വ്യക്തമായ സംവിധാനം വേണമെന്നും അവർ ആവശ്യപ്പെട്ടു.

മുഹറഖ് മുനിസിപ്പൽ കൗൺസിൽ സെപ്റ്റംബർ 7-ന് ചേരുമെന്ന് ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അറിയിച്ചു. രണ്ട്, നാല് മണ്ഡലങ്ങളിൽ മാത്രം ഇരുനൂറ്റിയൻപതോളം ഉപേക്ഷിക്കപ്പെട്ട വീടുകളുണ്ടെന്നും ഇവ ഉടമസ്ഥർ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നും ഇല്ലെങ്കിൽ പ്രദേശവാസികൾക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗം സെപ്റ്റംബർ 9-നും കമ്മിറ്റി യോഗങ്ങൾ സെപ്റ്റംബർ 6-നും ആരംഭിക്കുമെന്ന് ചെയർമാൻ സ്വാലിഹ് തർറാദ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്കാണ് ബോർഡ് പ്രഥമ പരിഗണന നൽകുക. സതേൺ മുനിസിപ്പൽ കൗൺസിൽ യോഗവും സെപ്റ്റംബർ 9-ന് പുനരാരംഭിക്കുമെന്ന് ചെയർമാൻ അബ്ദുള്ള അബ്ദുൽ ലത്തീഫ് അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed