യു.എ.ഇയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റിന് പ്രവർത്തനാനുമതി; 10 വർഷത്തെ പ്രവർത്തനാനുമതി നൽകി യു.എ.ഇ
ഷീബ വിജയൻ
അബൂദബി: ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളായ 'സ്റ്റാർലിങ്കി'ന് യു.എ.ഇയിൽ സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനും ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി 10 വർഷത്തെ പ്രവർത്തന ലൈസൻസ് അനുവദിച്ച് ഉത്തരവായി. യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടി.ഡി.ആർ.എ) ആവശ്യമായ എല്ലാ സാങ്കേതിക, നിയമപരമായ മാനദണ്ഡങ്ങളും പൂർത്തിയാക്കി ഈ അനുമതി പത്രം കൈമാറിയത്. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവർക്ക് പുറമെ സമുദ്ര-വ്യോമയാന മേഖലകൾക്കും സ്റ്റാർലിങ്കിന്റെ സേവനം ലഭ്യമാകും. നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5ജി നെറ്റ്‌വർക്കുകൾക്ക് പുറമെ ഉപഗ്രഹ അധിഷ്ഠിത സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ ശക്തമാകും.
ഇന്റർനെറ്റ് ലഭ്യതയിലെ വൈവിധ്യവത്കരണത്തിന് പുറമെ പ്രതികൂല സാഹചര്യങ്ങളിലും തടസ്സമില്ലാത്ത നെറ്റ്‌വർക്ക് സേവനം ഉറപ്പാക്കാനും ഊർജ്ജം, ലോജിസ്റ്റിക്സ്, എമർജൻസി റെസ്‌പോൺസ് തുടങ്ങിയ സുപ്രധാന മേഖലകൾക്ക് ഇത് വലിയ പിന്തുണയാകുമെന്നും വിലയിരുത്തപ്പെടുന്നു. പുതിയ സാങ്കേതികവിദ്യകളെ സ്വാഗതം ചെയ്യാനും വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്താനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും, 'വി ദ യു.എ.ഇ 2031' കാഴ്ചപ്പാടിനും യു.എ.ഇ ഡിജിറ്റൽ അജണ്ടയ്ക്കും ഈ നീക്കം കരുത്തേകുമെന്നും ടി.ഡി.ആർ.എ ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മസ്മാർ വ്യക്തമാക്കി.
cvcvcvfv

