ഉത്തർപ്രദേശിൽ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം: 11 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്


ശാരിക

കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള പടക്കനിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 11 പേർ മരിച്ചു. മണോരി ഗ്രാമത്തിലെ പിപ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിലാണ് ഉച്ചയോടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അഞ്ചുപേർ മരണപ്പെടുകയായിരുന്നു.

സ്‌ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്കുകൾ. നിർമാണശാലയ്ക്കുള്ളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലത്ത് എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പടക്കനിർമാണശാല പൂർണമായും തകരുകയും സമീപത്തെ ആറോളം വീടുകൾക്ക് വ്യാപ്തിയുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് സമീപത്തുകൂടി കടന്നുപോകുന്ന ഡൽഹി-ഹൗറ റെയിൽപാതയിലെ ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം നിർത്തിവെച്ചു. സംഭവസ്ഥലത്തിന് സമീപമെത്തിയ അജ്മീർ-സീൽദ എക്സ്പ്രസ് മണോരി സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഡൽഹിയിൽനിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് സയ്യദ് സരവൻ സ്റ്റേഷനിൽ നിർത്തിയിട്ടു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed