പ്രവാചകന്മാരെയും പ്രവാചക കുടുംബത്തെയും അധിക്ഷേപിച്ചാൽ കഠിന ശിക്ഷ: ബഹ്‌റൈനിൽ പുതിയ നിയമഭേദഗതി നിർദേശിച്ച് എംപിമാർ


പ്രദീപ് പുറവങ്കര

മനാമ: പ്രവാചകന്മാരെയും പ്രവാചക കുടുംബത്തെയും അനുചരന്മാരെയും പരസ്യമായി അധിക്ഷേപിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 20,000 ബഹ്‌റൈനി ദിനാർ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ശക്തമായ നിയമഭേദഗതി നിർദേശിച്ച് അഞ്ച് ബഹ്‌റൈനി എംപിമാർ. എംപിമാരായ മുഹമ്മദ് മൂസ, ബദർ അൽ തമീമി, മുഹമ്മദ് സൽമാൻ അൽ അഹമ്മദ്, ജമീൽ മുല്ല ഹസ്സൻ, അലി സാഖർ അൽ ദോസരി എന്നിവരാണ് ഈ നിർദേശം സമർപ്പിച്ചത്.

ശിക്ഷാനിയമത്തിൽ (Penal Code) 'ആർട്ടിക്കിൾ 310 ബിസ് 1' എന്ന പേരിൽ പുതിയ വകുപ്പ് കൂട്ടിച്ചേർക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതേ കുറ്റം ആവർത്തിക്കുന്നവർക്ക് 10 വർഷം വരെ തടവും 40,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇവയിലൊന്നു ശിക്ഷയായി ലഭിക്കും.

എഴുത്തുകൾ, ചിത്രങ്ങൾ, അടയാളങ്ങൾ, പ്രകടനങ്ങൾ, ആംഗ്യങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയിലൂടെ പരസ്യമായി നടത്തുന്ന അധിക്ഷേപങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ വേഗത്തിൽ പടരുന്നതിനും വഗീയ സംഘർഷങ്ങൾക്കും സാമൂഹിക ഭിന്നതകൾക്കും വഴിവെക്കുന്നതിനാലും കൂടുതൽ വ്യക്തതയുള്ള നിയമങ്ങൾ അനിവാര്യമാണെന്ന് എംപിമാർ വ്യക്തമാക്കി.

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് നിലവിലെ ബഹ്‌റൈൻ നിയമപ്രകാരം കുറ്റകരമാണെങ്കിലും, ഇസ്ലാമിക ചരിത്രത്തിലെ ആദരണീയരായ വ്യക്തിത്വങ്ങൾക്കായി പ്രത്യേക സംരക്ഷണം നൽകുന്നത് കൂടുതൽ വ്യക്തത നൽകുമെന്ന് അവർ ചൂണ്ടിക്കാട്ടി. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ നിയമങ്ങളെ മാതൃകയാക്കിയാണ് ഈ നിർദേശം തയ്യാറാക്കിയിരിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യം മതപരമായ അധിക്ഷേപങ്ങൾക്കോ വിഭാഗീയത വളർത്തുന്നതിനോ ഉള്ള ന്യായീകരണമായി ഉപയോഗിക്കരുതെന്നും എംപിമാർ ഓർമിപ്പിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed