കാഷ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് അമിത് ഷാ; സംവരണ ഭേദഗതി ബില്ലും ലോക്‌സഭയിൽ; കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ല
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ലോക്സഭയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ആറു മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. റംസാൻ, അമർനാഥ് യാത്ര, സുരക്ഷ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തേക്ക് ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം കാഷ്മീരിൽ ദ്വിദിന സന്ദർശനം നടത്തിയിരുന്നു.
ജമ്മു കശ്മീരിൽ ഗവർണറുടെ ഭരണത്തിലും പിന്നീടുവന്ന രാഷ്ട്രപതി ഭരണത്തിലും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും. മുന്‍ തെരഞ്ഞെടുപ്പുകളിൽ രക്തരൂക്ഷിതമായ അവസ്ഥയാണ് സംസ്ഥാനം നേരിട്ടത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി. രാഷ്ട്രീയ ഭിന്നത മറന്ന് പ്രമേയത്തിന് പിന്തുണ നൽകണമെന്നും അമിത് ഷാ അഭ്യർത്ഥിച്ചു.
ജമ്മുകാശ്മീർ സംവരണ ഭേദഗതി ബില്ലും അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. അതിർത്തിയിൽ താമസിക്കുന്നവർക്കും സംവരണ ആനുകൂല്യം നൽകുന്നതാണ് ബിൽ. ഇത് ആരെയെങ്കിലും പ്രീണിപ്പിക്കാനല്ല, രാജ്യാന്തര അതിർത്തിയിൽ താമസിക്കുന്നവർക്കും വേണ്ടിയുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിന് വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് നൽകാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

