മേഖലയിലെ സംഘർഷം തടയാൻ യുഎൻ ഇടപെടണം; ജോർദാനും യുഎഇക്കും പിന്തുണയറിയിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര 

മനാമ: ജോർദാന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെയും (യുഎഇ) വ്യോമാതിർത്തിയും പരമാധികാരവും ലംഘിച്ച് ഇറാൻ നടത്തിയ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണിതെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചു.

ജോർദാനുനേരെ ബാലിസ്റ്റിക് മിസൈലുകളും യുഎഇക്ക് നേരെ ഡ്രോൺ ആക്രമണവുമാണ് ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും യുഎൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെയും അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.

ജോർദാനും യുഎഇക്കുമായി ബഹ്‌റൈൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരവും ഭൂപ്രദേശവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പിന്തുണ അറിയിച്ചു. മിസൈലുകൾ വിജയകരമായി തകർത്ത ജോർദാൻ സായുധ സേനയുടെയും യുഎഇ സമുദ്ര അതിർത്തിക്ക് മുകളിൽ ഡ്രോൺ ആക്രമണത്തെ ചെറുത്ത യുഎഇ വ്യോമസേനയുടെയും മികവിനെയും ജാഗ്രതയെയും മന്ത്രാലയം പ്രശംസിച്ചു.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇറാന്റെ ഭീഷണി ഉയർത്തുന്ന നടപടികൾ അവസാനിപ്പിക്കാനും യുഎൻ രക്ഷാസമിതി അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ വീണ്ടും ആവശ്യപ്പെട്ടു.

ഇതിനുപുറമേ, മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹോർമുസ് കടലിടുക്കിലും മറ്റ് സുപ്രധാന ജലപാതകളിലും കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം മാനിക്കപ്പെടണമെന്നും രാജ്യം ആഹ്വാനം ചെയ്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed