യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക്
അബുദാബി: യുഎഇയിൽ താപനില 50 ഡിഗ്രിയോട് അടുക്കുന്നതായി ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ ചൂടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമായിരിക്കും.
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ 44 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളിൽ 39 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും പർവത പ്രദേശങ്ങളിൽ 34 മുതൽ 38 ഡിഗ്രി വരെയും ചൂടുണ്ടാകുമെന്നാണ് അറിയിപ്പ്. വാരാന്ത്യത്തിൽ താപനില ഇതേ നിലയിൽ തുടരുമെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളിൽ പിന്നെയും ചൂട് കൂടും. കനത്തചൂടിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവാതിരിക്കാൻ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിൽ 45 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റടിക്കാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് കാരണമായി ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണം.

