ഇറാൻ ആക്രമണം: ജി.സി.സി വാർത്താവിനിമയ മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെ അടിയന്തര യോഗം ചേർന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജി.സി.സി വാർത്താവിനിമയ മന്ത്രാലയ അണ്ടർസെക്രട്ടറിമാരുടെ അടിയന്തര യോഗം ചേർന്നു. ബഹ്‌റൈൻ വാർത്താവിനിമയ മന്ത്രാലയം അണ്ടർസെക്രട്ടറി യൂസഫ് മുഹമ്മദ് അൽ ബിൻഖലീലിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന ഇറാന്റെ നീക്കങ്ങളെയും സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും യോഗം ഗൗരവത്തോടെ വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് അൽ ബിൻഖലീൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സഖ്യകക്ഷികളുമായി ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ജി.സി.സി രാജ്യങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിക്രമങ്ങളെ ധീരമായി നേരിടുന്ന സായുധ സേനയെയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ വിഭാഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവരുടെ ജാഗ്രതയെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ നേരിടാൻ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകീകൃത മാധ്യമ നയം രൂപീകരിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. വാർത്താവിനിമയ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് മുന്നോടിയായുള്ള അജണ്ടകൾക്കും സാങ്കേതിക വിഷയങ്ങൾക്കും യോഗം രൂപം നൽകി. വസ്തുതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും തെറ്റായ പ്രചാരണങ്ങളെയും കിംവദന്തികളെയും പ്രതിരോധിക്കുന്നതിനും ഔദ്യോഗിക മാധ്യമ സ്ഥാപനങ്ങൾക്കിടയിൽ ശക്തമായ ഏകോപനം ഉറപ്പാക്കും.
മേഖലാ-അന്തർദേശീയ തലങ്ങളിൽ ജി.സി.സി രാജ്യങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനും കൃത്യവും ഉത്തരവാദിത്തമുള്ളതുമായ വിവരങ്ങൾ കൈമാറുന്നതിനും ഏകീകൃതമായ വാർത്താ വിതരണ ശൈലി പിന്തുടരണമെന്ന് യോഗം ഊന്നിപ്പറഞ്ഞു.
asdsasa


