ഇത്തിഹാദ് സർവീസുകൾ പുനരാരംഭിക്കുന്നു; അബുദാബായിൽ നിന്ന് ഇന്ത്യയിലേക്കടക്കം 25 നഗരങ്ങളിലേക്ക് വിമാനങ്ങൾ പറക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
അബുദാബി (2026 മാർച്ച് 6): മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇത്തിഹാദ് എയർവേയ്‌സ് പരിമിതമായ തോതിൽ വാണിജ്യ സർവീസുകൾ പുനരാരംഭിക്കുന്നു. മാർച്ച് 6 മുതൽ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ ഈ തീരുമാനമെടുത്തത്.
മാർച്ച് 6 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിൽ അബുദാബിയിൽ നിന്ന് സർവീസ് നടത്തുന്ന നഗരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബാങ്കോക്ക്, കെയ്‌റോ, കൊളംബോ, ഫ്രാങ്ക്ഫർട്ട്, ഹനോയ്, ജിദ്ദ, ക്വാലാലംപൂർ, ലണ്ടൻ (ഹീത്രൂ), മാഡ്രിഡ്, മാലെ, മിലാൻ, മോസ്കോ, ന്യൂയോർക്ക് (ജെഎഫ്‌കെ), പാരീസ്, ഫുക്കറ്റ്, റിയാദ്, റോം, സിയോൾ, ടൊറന്റോ, സൂറിച്ച് എന്നീ നഗരങ്ങളിലേക്കും വിമാനങ്ങൾ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ മുൻഗണനാക്രമത്തിൽ ഈ വിമാനങ്ങളിൽ ഉൾപ്പെടുത്തും. പുതിയ ടിക്കറ്റുകൾ etihad.com വഴി ലഭ്യമാണ്. എന്നാൽ, ഇത്തിഹാദിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയോ കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുണ്ടാവുകയോ ചെയ്യാത്ത പക്ഷം യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കമ്പനി കർശനമായി നിർദ്ദേശിച്ചു. മറ്റ് റൂട്ടുകളിലേക്കുള്ള എല്ലാ വാണിജ്യ സർവീസുകളും നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്.
മേഖലയിലെ വ്യോമപാതയിലെ മാറ്റങ്ങൾക്കും മറ്റ് അനുമതികൾക്കും വിധേയമായി വിമാന സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. സർവീസുകൾ റദ്ദാക്കപ്പെട്ടവർക്ക് ഇത്തിഹാദിൽ നിന്ന് നേരിട്ട് വിവരങ്ങൾ ലഭിക്കുമെന്നും അതിനായി കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
drsedrsdeswdesw


