മഴ : വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ന് രാവിലെ മുതൽ രാജ്യത്ത് പലയിടങ്ങളിലും പെയ്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. മഴസമയത്ത് റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
വാഹനങ്ങൾ നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും റോഡിലെ നനവ് കണക്കിലെടുത്ത് വേഗത നിയന്ത്രിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കൃത്യമായ ലെയ്ൻ അച്ചടക്കം പാലിക്കുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം നിലനിർത്തുകയും വേണം. അശ്രദ്ധമായി മറ്റ് വാഹനങ്ങളെ മറികടക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായ സിഗ്നലുകൾ നൽകി മാത്രമേ ഓവർടേക്കിംഗ് നടത്താവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാവരുടെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


