അബൂദബിയിൽ പുതിയ രണ്ട് മ്യൂസിയങ്ങള്‍ തുറക്കുന്നു

ഷീബ വിജയൻ
അബൂദബി I എമിറേറ്റിലെ സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ രണ്ട് മ്യൂസിയങ്ങള്‍ തുറക്കുന്നു. നാചുറല്‍ ഹിസ്റ്ററി മ്യൂസിയം നവംബര്‍ 22ന് തുറക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ സായിദ് നാഷനല്‍ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കുമെന്ന് നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 35,000 ചതുരശ്ര മീറ്ററിലാണ് നാചുറല്‍ ഹിസ്റ്ററി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ബിങ് ബാങ്, സൗര സംവിധാനം, ജീവ ഉത്ഭവം, ഡൈനോസറുകളുടെ ഉദയവും അന്ത്യവും, ഭൂമിയിലെ ജൈവവൈവിധ്യം തുടങ്ങി 1380 കോടി വര്‍ഷങ്ങളിലെ ചരിത്രമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ദ സ്റ്റോറി ഓഫ് എര്‍ത്ത്, ദ ഇവോള്‍വിങ് വേള്‍ഡ്, ഔവര്‍ വേള്‍ഡ്, റസിലിയന്റ് പ്ലാനറ്റ്, എര്‍ത്സ് ഫ്യൂച്ചര്‍ എന്നീ പ്രധാന ഗാലറികളും ദ പാലിയോ ലാബ്, ദ ലൈഫ് സയന്‍സ് ലാബ്, അറേബ്യാസ് ക്ലൈമറ്റ്, ബിയോണ്ട് ദ ഹൊറൈസണ്‍, ദ ഹ്യൂമണ്‍ സ്‌റ്റോറി എന്നിങ്ങനെ ഉപ ഗാലറികളും മ്യൂസിയത്തിലുണ്ടാവും.
അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ കണ്ടെത്തിയ മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുഗ ഉപകരണം മ്യൂസിയത്തില്‍ പ്രദർശനത്തിനുണ്ട്. അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയുന്നതാണ് മ്യൂസിയം. 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്‌സ് സ്‌കെല്‍ട്ടണ്‍ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക.
ASDDSASDA