നോർക്ക കെയർ വഴി 14,000 ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ; ദുബൈയിൽ രജിസ്ട്രേഷൻ ക്യാമ്പ്

ഷീബ വിജയൻ
ദുബൈ I ‘നോർക്ക കെയർ’ പ്രചാരണ ക്യാമ്പയ്നിന്‍റെ ഭാഗമായി ദുബൈയിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് രജിസ്ട്രേഷൻ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രവാസി മലയാളികൾക്ക് ക്യാഷ്ലസ് ചികിത്സ ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്‍റെ ഇൻഷൂറൻസ് പദ്ധതിയാണ് ‘നോർക്ക കെയർ’. ഖിസൈസ് അൽ തവാറിൽ റവാക് ഇൻസ്റ്റിറ്റ്യൂട്ടിൽ ശനിയാഴ്ച രാത്രി ഏഴു മുതൽ ഒമ്പത് വരെ നടന്ന ക്യാമ്പയ്നിൽ ദുബൈയിലെ നിരവധി പ്രവാസികൾ, ഓർമ ഭാരവാഹികൾ തുടങ്ങി അമ്പതിലധികം പേർ പങ്കെടുത്തു. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ എന്നിവർ നേതൃത്വം നൽകി.
നോർക്ക കെയറി’ൽ അംഗമാകുന്ന പ്രവാസികൾക്ക് ഇന്ത്യയിലെ 14,000 ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭ്യമാകുമെന്ന് സെക്രട്ടറി ഹരി കിഷോർ പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നോർക്ക തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 വരെ പദ്ധതിയിൽ ഓൺലൈനായി അംഗമാകാം. ഇൻഷുറൻസെടുത്ത പ്രവാസി അവരുടെ ഭാര്യ, അല്ലെങ്കിൽ ഭർത്താവ്, രണ്ട് മക്കൾ എന്നിങ്ങനെ നാലംഗമുള്ള കുടുംബത്തിന് 13,275 രൂപയാണ് വാർഷിക പ്രീമിയം. 4130 രൂപ അധികം നൽകി കൂടുതൽ കുട്ടികളെ പദ്ധതികൾ അംഗമാക്കാം. വ്യക്തികൾക്ക് 7956 രൂപയാണ് പ്രീമിയം. കേരളത്തിലെ 410 ആശുപത്രികൾ കാഷ് ലെസ് ആയി ചികിത്സ ലഭ്യമാകും. പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപ എന്നിവയും നോർക്ക കെയറിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
WDSASDASDASD