ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ ദുബൈ ബസ് സർവീസുമായി ബന്ധിപ്പിക്കും

ഷീബ വിജയൻ
ദുബൈ I ഇത്തിഹാദ് റെയിൽ പാതയിൽ പാസഞ്ചർ സർവീസ് തുടങ്ങാനിരിക്കെ യാത്രക്കാർക്ക് സഞ്ചാരം എളുപ്പമാക്കാൻ സംവിധാനങ്ങളൊരുക്കാൻ പദ്ധതിയുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിന്‍റെ ഭാഗമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളെ ബസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. എല്ലാ ഇത്തിഹാദ് സ്റ്റേഷനുകളിലും ബസുകളും ടാക്സി സേവനങ്ങളും ലഭ്യമാക്കും. ഇതുവഴി പ്രയാസരഹിതമായ യാത്രക്ക് സൗകര്യമൊരുങ്ങും. ദുബൈ മെട്രോ സ്റ്റേഷനുകളുമായി പൊതു ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചതിന് സമാനമായ രീതിയാണ് ഇക്കാര്യത്തിൽ പിന്തുടരുകയെന്ന് ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റോസിയാനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പദ്ധതി നഗരത്തിലെ മറ്റു പ്രദേശങ്ങളെയും മെട്രോ സ്റ്റേഷനുകളെയും ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ സഹായിക്കും. പൊതു ഗതാഗത സംവിധാനങ്ങൾ വഴിനേരിട്ട് റെയിൽ യാത്ര സാധ്യമാകുന്നതിലൂടെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം എളുപ്പമാവുകയും ചെയ്യും. അടുത്ത വർഷം പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പാസഞ്ചർ സർവീസ് യു.എ.ഇയിലെ ഗതാഗത അടിസ്ഥാന സൗകര്യ രംഗത്ത് നാഴികക്കല്ലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
900കി.മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയായ പാതയിൽ ഏഴ് എമിറേറ്റുകളിലെ 11നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. അബൂദബിയുടെ പടിഞ്ഞാറൻ അതിർത്തിയായ അൽ സില മുതൽ കിഴക്കൻ തീരദേശ മേഖലയായ ഫുജൈറ വരെ സഞ്ചാരം എളുപ്പമാക്കുന്നതാണ് പാത. മണിക്കൂറിൽ 200കി.മീറ്റർ വേഗതയിൽ വരെ ട്രെയിനുകൾ സഞ്ചരിക്കും. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിവയാണ് പാതയിലെ ആദ്യ നാല് സ്റ്റേഷനുകൾ. ഓരോ ട്രെയിനിലും 400പേർക്ക് വരെ യാത്ര ചെയ്യാനാകും. 2030ഓടെ വർഷത്തിൽ 3.65കോടി യാത്രക്കാർ ഇത് ഉപയോഗിക്കുമെന്നാണ് വിലയിരുത്തുന്നത്.
ADQSWSDQWEWQ