പലസ്തീനിൽ സൗദി അറേബ്യയുടെ പ്രഥമ സ്ഥാനപതി ചുമതലയേറ്റു
ചരിത്രത്തിലാദ്യമായി പലസ്തീനിൽ സൗദി അറേബ്യയുടെ പ്രഥമ സ്ഥാനപതി ചുമതലയേറ്റു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു അധികാരപത്രം കൈമാറിയാണ് സ്ഥാനപതി നായിഫ് ബിൻ ബന്ദർ അൽ സുദൈരി ചുമതലയേറ്റത്. ജോർദാനിലെ സൗദി സ്ഥാനപതിക്ക് പലസ്തീന്റെ അധിക ചുമതല നൽകുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ലാണ് സ്ഥാനപതി നിയമനമെന്ന് പലസ്തീൻ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചു. സുരക്ഷാ കാരണങ്ങളാൽ ജോർദാൻ ആസ്ഥാനമായിട്ടാകും പ്രവർത്തനം.
കിഴക്കൻ ജറുസലെമിലേക്കുള്ള സൗദി സ്ഥാനപതി എന്നാണ് നിയമന ഉത്തരവിൽ സൗദി വിശേഷിപ്പിച്ചത്. കിഴക്കൻ ജറുസേലം ആസ്ഥാനമായി പലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തിനായി നിലകൊള്ളുമെന്ന് സ്ഥാനപതി പറഞ്ഞു. എന്നാൽ കിഴക്കൻ ജറുസലം തലസ്ഥാനമാക്കാനുള്ള ഇസ്രയേലിന്റെ ആവശ്യത്തെ നിരാകരിക്കുന്നതാണ് നിയമന ഉത്തരവെന്നും വിലയിരുത്തപ്പെടുന്നു. സൗദി–ഇസ്രയേൽ ബന്ധം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് സൗദി വ്യക്തമാക്കി.


