വർക്ക ഫ്രം ഹോം അവസാനിച്ചു: ദുബൈയിൽ ഈ മാസം 16 മുതൽ സർക്കാർ ഓഫീസ് ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാവണം

അബുദാബി: യുഎഇയിൽ കൊവിഡ് മുൻകരുതലിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ നൽകിവന്നിരുന്ന ഇളവുകളെല്ലാം പിൻവലിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമൺ റിസോഴ്‌സസ് അധികൃതർ അറിയിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് ഓഫീസുകൾ പ്രവർത്തനം പുനരാരംഭിക്കുന്ന ഈ മാസം 16 മുതൽ സർക്കാർ ഓഫീസിലെ മുഴുവൻ പേരും നേരിട്ട് ജോലിക്ക് ഹാജരാവണം.
പൂർണമായും കൊവിഡ് മാനദണ്ധങ്ങൾ പാലിച്ചാകണം ഓഫീസിൽ ഹാജരാകേണ്ടത്. അതേസമയം ഓൺലൈനിൽ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാർ ഓഫീസിലേക്ക് വരേണ്ടതില്ല. ഈ വിദ്യാഭ്യാസ വർഷം അവസാനിക്കും വരെ അവർക്ക് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാം. നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് യുഎഇ സാധാരണ നിലയിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചതോറും പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ചെലവ് സ്വന്തമായി വഹിക്കണം. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് അതിനുള്ള മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുന്ന മുറയ്ക്ക് പിസിആർ ടെസ്റ്റ് ചെലവ് തൊഴിലുടമ വഹിക്കണം.
അതേസമയം, വാക്‌സിൻ എടുത്തവരും അല്ലാത്തവരുമായി മുഴുവൻ ജീവനക്കാരും മാസ്‌ക്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ, കൂട്ടം ചേരൽ ഒഴിവാക്കൽ തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും ഫെഡറൽ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.