ഖിദായ പദ്ധതി 57000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് സാന്പത്തിക വിദഗ്ദ്ധർ
റിയാദ് : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ശിലാസ്ഥാപനം നിർവ്വഹിച്ച ഖിദായ പദ്ധതി 2030 ഓടെ 57,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് സാന്പത്തിക വിദഗ്ദ്ധർ. റിയാദിന് പടിഞ്ഞാറിന് 40 കിലോമീറ്റർ ദൂരെ ഖിദിയ ഏരിയയിൽ സൗദിയിലെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിക്കാണ് രാജാവ് ശിലയിട്ടത്.
പ്രൗഢമായ ചടങ്ങിൽ പ്രാദേശിക, ലോക നേതാക്കളും വൻകിട കന്പനി പ്രതിനിധികളും ഉൾപ്പെടെ 300 ഓളം വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു. 12 ശതമാനം ആഭ്യന്തര പങ്കാളിത്തത്തോടെയാണ് യാഥാർത്ഥ്യമാകുക എന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 2022 ൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. യുവാക്കളെ ആകർഷിക്കുന്ന വിനോദ കേന്ദ്രങ്ങൾ ഖിദായ പദ്ധതി ലഭ്യമാക്കും.
സഫാരി പാർക്ക്, അമ്യൂസ്‌മെന്റ് പാർക്ക്, കാറോട്ട വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനകരമായ സാംസ്‌കാരിക, വിദ്യാഭ്യാസ കലാപരിപാടികൾ എന്നിവ പദ്ധതിയിൽ ഉൾക്കൊള്ളും. ടൂറിസം, വിനോദ ആവശ്യങ്ങൾക്ക് സൗദികൾ പ്രതിവർഷം വിദേശങ്ങളിൽ ചെലവഴിക്കുന്ന തുകയിൽ3,000 കോടി ലാഭിക്കുന്നതിന് പദ്ധതി സഹായകമാകും.

