ഖലീഫ സിറ്റിയിൽ 2,500-ലധികം ഭവനങ്ങൾ; ഹൗസിംഗ് സെക്ടർ ഇന്നൊവേഷൻ കോൺഫറൻസിന് ബഹ്‌റൈനിൽ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് 2,500-ലധികം പുതിയ വീടുകൾ നിർമ്മിക്കുന്ന വൻകിട ഭവന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് 2026-ലെ ഹൗസിംഗ് സെക്ടർ ഇന്നൊവേഷൻ കോൺഫറൻസിനും എക്‌സിബിഷനും ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
നാലാമത് ഗൾഫ് ഹൗസിംഗ് വീക്കിന്റെ ഭാഗമായി 'നൂതനവും സുസ്ഥിരവുമായ ഭവന പരിഹാരങ്ങളിലേക്ക്' എന്ന പ്രമേയത്തിൽ ഭവന, നഗരാസൂത്രണ മന്ത്രാലയവും ഇസ്‌കാൻ ബാങ്കും സംയുക്തമായാണ് ഒക്ടോബർ 3 വരെ നീളുന്ന കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ ഗവൺമെന്റ് ലാൻഡ് ഡെവലപ്‌മെന്റ് റൈറ്റ്‌സ് പ്രോഗ്രാമിന് കീഴിൽ ഏറ്റവും വലിയ ഭവന പദ്ധതിയായ ഖലീഫ സിറ്റി പ്രോജക്ടിനായി മന്ത്രാലയവും പ്രമുഖ നിർമ്മാണ കമ്പനിയായ നസീജും തമ്മിലുള്ള കരാർ ഒപ്പുവെച്ചതാണ് ചടങ്ങിലെ പ്രധാന ആകർഷണം. പൗരന്മാർക്ക് 50,000 ഭവന യൂണിറ്റുകൾ നൽകണമെന്ന ഹമദ് രാജാവിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പതിനേഴായിരത്തിലധികം യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ള 29 റിയൽ എസ്റ്റേറ്റ് പങ്കാളിത്ത അവസരങ്ങളും സമ്മേളനത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ സൽമാൻ സിറ്റിയിൽ 137 യൂണിറ്റുകൾ ഉൾപ്പെടുന്ന മൂന്ന് പുതിയ ഓഫ്-പ്ലാൻ (Off-plan) ഭവന പദ്ധതികളും പ്രദർശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
cddsdsads

