വോട്ടർ പട്ടികയിൽ നിന്ന് 13.3 കോടി പേരുകൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; കടുത്ത പ്രതിഷേധവുമായി കോൺഗ്രസും പ്രതിപക്ഷവും
ശാരിക
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി രാജ്യത്തെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഇതുവരെ വെട്ടിമാറ്റിയത് 13.3 കോടി ആളുകളെന്ന് ഔദ്യോഗിക ഡാറ്റ. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി നടന്ന വൻതോതിലുള്ള ഈ വെട്ടിച്ചുരുക്കൽ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള കനത്ത രാഷ്ട്രീയ പോരിനും പ്രതിഷേധങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.
ഒഴിവാക്കപ്പെട്ടവരിൽ 71.5 ശതമാനത്തോളം വരുന്ന 9.5 കോടി ആളുകളെയും സ്ഥലംമാറി പോയവർ, സ്ഥലത്തില്ലാത്തവർ എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നീക്കം ചെയ്തിരിക്കുന്നത്. 2.8 കോടി പേർ മരിച്ചവരുടെയും 1.01 കോടി പേർ ഇരട്ട വോട്ടുള്ളവരുടെയും പട്ടികയിലുണ്ട്. മൂന്ന് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന പരിശോധനയിലാണ് ഇത്രയും പേർ പുറത്തായത്. എന്നാൽ ഇതിൽ ജീവനോടെയുള്ള പലരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവർക്ക് ഫോം-6 സമർപ്പിച്ച് തിരികെ പട്ടികയിൽ ഇടംനേടാൻ അവസരമുണ്ടെങ്കിലും ഇതിൽ എത്രപേർ തിരികെ എത്തിയെന്ന കണക്കുകൾ ലഭ്യമല്ല.
അതേസമയം, വോട്ടർമാരുടെ പേരുകൾ സുതാര്യതയില്ലാതെ വെട്ടിമാറ്റിയതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രമേയം പാസാക്കി. യോഗ്യത തെളിയിക്കാനുള്ള അനാവശ്യ ഭാരം പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ഒഴിവാക്കപ്പെട്ട 13.3 കോടി വോട്ടർമാരുടെ പേരുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ccczxzxzxz

