യു.എൻ യൂണിവേഴ്‌സിറ്റി കാമ്പസ് കൊച്ചിയിലേക്ക്; നാല് മുൻനിര ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളാകും
ഷീബ വിജയൻ
കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വൻ കുതിപ്പേകുന്ന ചരിത്ര പദ്ധതിക്ക് വഴി തുറക്കുന്നു. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയുടെ (പുതിയ കാമ്പസ് കൊച്ചിയിൽ ആരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള യു.എൻ.യു-സി.ആർ.ഐ.എസ് (UNU-CRIS) കാമ്പസാണ് കൊച്ചിയിൽ സ്ഥാപിക്കുന്നത്.
കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) വളപ്പിൽ കാമ്പസ് സ്ഥാപിക്കാനാണ് ധാരണയായിട്ടുള്ളതെന്ന് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്‌സൺ അച്യുത്ശങ്കർ എസ്. നായർ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യു.എൻ.യു അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുസാറ്റ്, നുവാൽസ് (NUALS), സി.ഡി.എസ് (CDS), കില (KILA) എന്നീ നാല് പ്രമുഖ സ്ഥാപനങ്ങളെ കോർഡിനേറ്റിംഗ് പങ്കാളികളാക്കും. പദ്ധതിയുടെ ആദ്യഘട്ടമായി യു.എൻ.യു-സി.ആർ.ഐ.എസും നുവാൽസും ചേർന്ന് അന്താരാഷ്ട്ര വ്യാപാര ഭരണത്തിൽ (International Trade Governance) സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും. അടുത്ത 3-4 വർഷത്തിനുള്ളിൽ പൂർണ്ണസജ്ജമായ കാമ്പസ് സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
dfdsdsfds

