5.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ 'ടാറ്റ ഏറിസ്' വിപണിയിൽ; സെഡാൻ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടാറ്റ
ഷീബ വിജയൻ
ന്യൂഡൽഹി: സെഡാൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുതിയ മോഡലായ 'ടാറ്റ ഏറിസ്' (Tata Aeris) ഇന്ത്യയിൽ അവതരിപ്പിച്ചു. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 11 മുതൽ പുതിയ മോഡൽ ഉപഭോക്താക്കൾക്ക് കൈമാറിത്തുടങ്ങും. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ഡിസയർ, ഹ്യുണ്ടായ് ഓറ എന്നിവയോടാണ് ടാറ്റ ഏറിസ് കൊമ്പുകോർക്കുന്നത്.
സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 5.29 ലക്ഷം മുതൽ 8.19 ലക്ഷം രൂപ വരെയും, സിഎൻജി (iCNG) വേരിയന്റുകൾക്ക് 6.29 ലക്ഷം മുതൽ 9.19 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറൂം വില.
മുൻ സെഡാൻ മോഡലായ ടിഗോറിനെ അപേക്ഷിച്ച് വളരെ സ്പോർട്ടി ലുക്കിലാണ് ഏറിസ് ഒരുക്കിയിരിക്കുന്നത്. എൽ.ഇ.ഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ടെയിൽ ലാമ്പുകളും, 15-ഇഞ്ച് അലോയ് വീലുകളും വാഹനത്തിന്റെ പുറംമോടിക്ക് മിഴിവേകുന്നു. ഇന്റീരിയറിൽ തിളങ്ങുന്ന ലോഗോയോട് കൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകൾ എന്നിവ നൽകിയിട്ടുണ്ട്.
6 എയർബാഗുകൾ, 360-ഡിഗ്രി കാമറ, ഇ.എസ്.പി, ഇൻബിൽറ്റ് ഡാഷ്‌ക്യാം തുടങ്ങി വൻ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. 86 എച്ച്.പി കരുത്തുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. ബൂട്ട് സ്പേസ് നഷ്ടപ്പെടാത്ത ടാറ്റയുടെ പ്രശസ്തമായ ട്വിൻ-സിലിണ്ടർ സിഎൻജി (70 ലിറ്റർ) സാങ്കേതികവിദ്യയും ഇതിലുണ്ട്. സിഎൻജി മോഡലുകളിൽ 419 ലിറ്ററിന്റെ മികച്ച ബൂട്ട് സ്പേസ് ലഭ്യമാണ്.
dsdsdsds

