സാംസ്‌കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷ നിയമനം: പിന്നിൽ കടുത്ത ലോബിയിംഗും രാഷ്ട്രീയ നീക്കങ്ങളുമെന്ന് റിപ്പോർട്ടുകൾ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്കുള്ള നിയമനങ്ങളിൽ കടുത്ത ലോബിയിംഗും രാഷ്ട്രീയ നീക്കങ്ങളും നടന്നെന്ന് വെളിപ്പെടുത്തൽ. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പ്രശസ്ത സംവിധായകൻ ബ്ലെസ്സിയുടെ പേരാണ് അവസാന ഘട്ടം വരെ സജീവമായി പരിഗണിച്ചിരുന്നതെങ്കിലും അന്തിമ നിമിഷം നടൻ രവീന്ദ്രൻ പദവി കരസ്ഥമാക്കുകയായിരുന്നു. പരിഗണനാ പട്ടികയിലുണ്ടായിരുന്ന നടൻ ജോയ് മാത്യുവിന് ശക്തമായ പിന്തുണ ലഭിച്ചില്ല.
കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചതിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള താല്പര്യമായിരുന്നു. സി.വി. ബാലകൃഷ്ണൻ, യു.കെ. കുമാരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാരുടെ പേരുകൾ ഉയർന്നുവന്നുവെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനെ അറിയിക്കുകയും ഇത് നടപ്പിലാക്കുകയുമായിരുന്നു. സർക്കാരുമായി ആശയപരമായി ചേർന്നുനിൽക്കുന്നവരെ പദവികളിൽ എത്തിക്കാനാണ് ഭരണനേതൃത്വം മുൻഗണന നൽകിയത്.
അതേസമയം, ചില നിയമനങ്ങളിൽ കോൺഗ്രസിനും മുന്നണിക്കുള്ളിലും വലിയ അതൃപ്തി പുകയുന്നുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSFDC) ചെയർമാൻ പദവിയിൽ സംവിധായകൻ ആലപ്പി അഷ്‌റഫിനെ ഒഴിവാക്കി നടൻ പ്രേം കുമാറിനെ നിയമിച്ചതാണ് പ്രധാന വിമർശനത്തിന് ഇടയാക്കിയത്. സിനിമ, സാഹിത്യ, സാംസ്‌കാരിക മേഖലകളിൽ സർക്കാരിന്റെ പുതിയ നിയമനങ്ങൾ വരും ദിവസങ്ങളിലും സജീവ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.
dfsdfsdfs

