പശ്ചിമ ബംഗാളിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്
ശാരിക
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. 2035-ഓടെ സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊൽക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗൺ പ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്നതിനായി 4,000 കോടി രൂപ മുതൽമുടക്കിൽ 2,000 കിടക്കകളുള്ള കൂറ്റൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'അദാനി ആരോഗ്യ മന്ദിർ' എന്ന് പേരിട്ടിരിക്കുന്ന ഈ ആശുപത്രിയിലെ 1,000 കിടക്കകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാർക്കായി മാറ്റി വെക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉള്ളവർക്ക് ഈ കിടക്കകൾ സൗജന്യമായി ലഭ്യമാക്കാനാണ് തീരുമാനം.
ആരോഗ്യ രംഗത്തിന് പുറമെ തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഊർജ്ജ ഉൽപ്പാദനം, ട്രാൻസ്മിഷൻ, റോഡ് വികസനം, ഗ്രീൻ സിമന്റ്, ഹൈസ്കെയിൽ ഡാറ്റാ സെന്ററുകൾ തുടങ്ങിയ വിവിധ മേഖലകളിലേക്കും നിക്ഷേപം വ്യാപിപ്പിക്കും. ഇന്ത്യയുടെ വ്യാവസായിക ഹൃദയഭാഗത്തെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗാൾ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്ര-ലോജിസ്റ്റിക്സ് കേന്ദ്രമായി മാറാൻ പശ്ചിമ ബംഗാളിന് വലിയ സാധ്യതയുണ്ടെന്നും ഗൗതം അദാനി കൂട്ടിച്ചേർത്തു.
asdasd

