വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്: ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങളോ വീഡിയോകളോ ഔദ്യോഗിക വിവരങ്ങളോ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കർശന നിർദ്ദേശം നൽകി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ സ്കൂളുകൾക്കും മന്ത്രാലയം ഔദ്യോഗിക സർക്കുലർ അയച്ചു.
സ്കൂൾ പരിസരങ്ങൾ, ക്ലാസ് മുറികൾ, ഔദ്യോഗിക രേഖകൾ, സ്കൂൾ യാത്രകൾ, വിവിധ പരിപാടികൾ എന്നിവയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നതിനും നിരോധനം ബാധകമാണ്. നിർദ്ദേശങ്ങൾ എല്ലാ ജീവനക്കാരെയും അറിയിക്കണമെന്നും, സർക്കുലർ വായിച്ച് മനസ്സിലാക്കിയതായി സ്ഥിരീകരിക്കുന്ന ഒപ്പുവെച്ച പട്ടികയുടെ പകർപ്പ് ബന്ധപ്പെട്ട എഡ്യൂക്കേഷൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് സ്കൂളുകൾ സമർപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സ്കൂളുകളിലെയും വിദ്യാർത്ഥികളുടെയും വിവര സുരക്ഷിതത്വത്തിനും സ്വകാര്യതയ്ക്കും മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും നേരിട്ടുള്ള ലംഘനമായി കണക്കാക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
swaasdads

