ലഹരിയുപയോഗിച്ച് വാഹനമോടിച്ചാൽ വാഹനം കണ്ടുകെട്ടും; ജാമ്യം കടുപ്പിക്കാൻ സർക്കാർ; 'കേരള റോഡ് സുരക്ഷാ മിഷൻ' ഉടൻ


ഷീബ വിജയൻ

തിരുവനന്തപുരം / കോഴിക്കോട്: മദ്യപിച്ചും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ. ഡ്രങ്ക് ആൻഡ് ഡ്രൈവ് കേസുകളിൽ വാഹനം കണ്ടുകെട്ടുന്നതിനും ജാമ്യവ്യവസ്ഥകൾ ജാമ്യമില്ലാ വകുപ്പുകളാക്കി മാറ്റി ശക്തമാക്കുന്നതിനുമായി ഗതാഗതവകുപ്പ് നിയമോപദേശം തേടി. നിലവിൽ അപകടമരണങ്ങളോ ഗുരുതര പരിക്കുകളോ സംഭവിക്കുമ്പോൾ മാത്രമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത്.

റോഡുകളിലെ നിയമലംഘനങ്ങളും അപകടങ്ങളും തടയുന്നതിന്റെ ഭാഗമായി 'കേരള റോഡ് സുരക്ഷാ മിഷൻ' ഉടൻ പ്രവർത്തനമാരംഭിക്കും. ഗതാഗതമന്ത്രി വൈസ് ചെയർമാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായ ഉന്നതതല സമിതി ഇതിനായി രൂപീകരിച്ചു. റോഡ് സുരക്ഷാ പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും പ്രവർത്തനം പഞ്ചായത്ത് തലം വരെ വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു.

അതേസമയം, കോഴിക്കോട് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് റിവോൾവറും പെല്ലറ്റുകളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനവും തോക്കും കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച രാത്രി ഏഴരയോടെ എരഞ്ഞിപ്പാലം മിനി ബൈപാസിൽ വെച്ചായിരുന്നു സംഭവം. അശ്വന്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി.

article-image

dvccddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed