സൗദിയിലേക്ക് ഹൂതികളുടെ മിസൈലാക്രമണം: പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതം
പ്രദീപ് പുറവങ്കര
റിയാദ്: സൗദി അറേബ്യയിലെ റിയാദിലുള്ള തന്ത്രപ്രധാന മേഖലകളിലും യാൻബുവി അടക്കമുള്ള ഇടങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണശ്രമവുമായി ഹൂതി വിമതർ. റിയാദിലും യാൻബുവിലെ അരാംകോ കേന്ദ്രത്തിലും ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടെങ്കിലും, ബിഷ, ത്വായിഫ്, ഫർസാൻ, യാംബു എന്നിവിടങ്ങളിലേക്ക് എത്തിയ ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന ശക്തമായി ചെറുത്തുതോൽപ്പിച്ചു.
അതേസമയം, മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് അയവു വരുത്താനുള്ള നയതന്ത്ര നീക്കങ്ങളും സജീവമായിട്ടുണ്ട്. സൗദിയും ഹൂതികളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ഇറാൻ നേതൃത്വവുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി നാളെ ടെഹ്റാനിലെത്തും.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തർ മുഖേന അമേരിക്കയ്ക്ക് മുന്നിൽ വ്യക്തമായ ഉപാധികൾ ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സുരക്ഷാ മേധാവി മോഷെൻ റെസായി വ്യക്തമാക്കി. സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ ഒമ്പത് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, ചരക്ക്, വാതക നീക്കം കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും പ്രധാന കടൽപ്പാതകളിൽ മൈനുകളൊന്നുമില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയെങ്കിലും, ഈ അവകാശവാദം തെറ്റാണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു.
#RiyadhAttack #MiddleEastConflict #IranUS #4PMNews
adwewdds

