ദുബൈയിൽ ചരക്ക് നീക്കത്തിനും ഹൈപ്പർ ലൂപ്
ദുബൈ : ദുബൈയിൽ ചരക്ക് നീക്കത്തിനും ഹൈപ്പർ ലൂപ്പ് സംവിധാനം ഉപയോഗിക്കാൻ പദ്ധതി. ഇതിന്റെ ആദ്യപടിയായി ദുബൈ പോർട്സ് വേൾഡും(ഡി.പി വേൾഡ്) വിർജിൻ ഹൈപ്പർ ലൂപ് വണ്ണും ചേർന്നു ഡി.പി വേൾഡ് കാർഗോ സ്പീഡ് എന്ന സംരംഭം ആരംഭിച്ചു.
പ്രത്യേകമായി രൂപകൽപന ചെയ്ത വായുരഹിത കുഴലിലൂടെയുള്ള അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർ ലൂപ് ചരക്കുനീക്കം വിമാനവേഗത്തിലാക്കുമെന്നാണ് പ്രതീക്ഷ. ബ്രിട്ടിഷ് സംരംഭകൻ റിച്ചാർഡ് ബ്രാൻസൻ ചെയർമാനായ വിർജിൻ ഹൈപ്പർലൂപ് വണ്ണിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ഡി.പി വേൾഡ്.
കരമാർഗമുള്ള ഗതാഗതത്തിന്റെ ചെലവിൽ വിമാനവേഗത്തിൽ ചരക്ക് നീക്കം സാധ്യമാക്കാനുള്ള സംരംഭമാണിതെന്നു ഡി.പി വേൾഡ് സി.ഇ.ഒ സുൽത്താൻ അഹമ്മദ് ബിൻ സുലായെം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.
ലോകത്തിലെ ചരക്കു ഗതാഗതത്തിൽ മൂന്നിലൊന്നും ഇതുപോലെ സമയബന്ധിതമായി എത്തിക്കേണ്ട വസ്തുക്കളാണ് ഉൾപ്പെടുന്നത്. സമയത്തെ വാങ്ങാൻ സാധിക്കില്ല, വളരെ മൂല്യമുള്ളതാണ് സമയമെന്നും അദ്ദേഹം അറിയിച്ചു.

