ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചു: യുവാവിന് 10 വർഷം തടവും 2,000 ദീനാർ പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന് നേരെ നടത്തുന്ന ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 10 വർഷം തടവും 2,000 ബഹ്‌റൈനി ദീനാർ പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആക്രമണങ്ങളെ അനുകൂലിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളും അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ആന്റി സൈബർ ക്രൈംസ് ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ചയാളെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് വിചാരണ പൂർത്തിയാക്കി കേസ് കോടതി വിധി പ്രസ്താവിച്ചതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യവും സംസാരിക്കാനുള്ള അവകാശവും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വിനിയോഗിക്കാവുന്ന ഉറപ്പുള്ള അവകാശമാണെന്ന് പബ്ലിക് പ്രൊസിക്യൂഷൻ ഓർമ്മിപ്പിച്ചു. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ സമൂഹത്തിന്റെ സുരക്ഷയോ സ്ഥിരതയോ തകരാൻ ഇടയാക്കരുതെന്നും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും പങ്കുവെക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
cssdsasas

