ഓഫ്‌റോഡിലെ രാജാവ്: മെഴ്‌സിഡസ്-എഎംജി ജി63 'ഓഫ്‌റോഡ് പ്രോ' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ശാരിക
ന്യൂഡൽഹി: പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ കരുത്തുറ്റ പെർഫോമൻസ് എസ്‌യുവിയായ മെഴ്‌സിഡസ്-എഎംജി ജി63 'ഓഫ്‌റോഡ് പ്രോ' (Mercedes-AMG G63 Offroad PRO) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.80 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ജി63 സീരീസിലെ ആദ്യത്തെ സമ്പൂർണ്ണ ഓഫ്-റോഡ് കേന്ദ്രീകൃത മോഡലായ വാഹനം പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
സ്റ്റാൻഡേർഡ് എഎംജി ജി63 മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിൽ 4.0 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പവർട്രെയിൻ 585 എച്ച്.പി കരുത്തും 850 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. കേവലം 4.4 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണ്.
എഎംജി-സ്പെസിഫിക് ബമ്പറുകൾ, ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകളോട് കൂടിയ MBUX NTG7 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 18 സ്പീക്കറുകളുള്ള ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, പ്രീമിയം നാപ്പ ലെതർ അപ്ഹോൾസ്റ്ററി എന്നിവ ആഡംബരപൂർണ്ണമായ ക്യാബിന്റെ പ്രത്യേകതകളാണ്. എഎംജി പെർഫോമൻസ് 4MATIC ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, ട്രാൻസ്പരന്റ് ഹുഡ് ഫങ്ഷൻ, എഎംജി ട്രാക്ഷൻ പ്രോ എന്നിവ വാഹനത്തിന്റെ ഓഫ്-റോഡ് ശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ, അലുമിനിയം പാനലുകൾ സംയോജിപ്പിച്ച റൂഫ് ലഗേജ് റാക്ക്, റിയർ ലാഡർ, മാറ്റ് ബ്ലാക്ക് ഫിനിഷുള്ള 20 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ പവർഫുൾ ലുക്ക് നൽകുന്നു.
sdfsdf

