ദുബൈയിൽ നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു: തിരുവനന്തപുരത്ത് സംഭവം
ഷീബ വിജയൻ
ദുബൈയിൽനിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നതായി പരാതി ഉയർന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദമ്പതിമാരെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് എത്തിയപ്പോൾ മെഹറൂഫ് എന്ന പേരിൽ എത്തിയ ആൾ കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണം കവർന്നുവെന്നാണ് ദമ്പതികൾ പരാതിയിൽ പറയുന്നത്.
മൂന്നുപേർ അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും ചേർത്തലയിൽ ഇറക്കിവിട്ടെന്നും ഇവർ പറയുന്നു. ഇതിനു പിന്നാലെ മറ്റൊരു സംഘം സ്വർണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഭയന്ന ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തു വഴി ദുബൈയിൽ വച്ച് പരിചയപ്പെട്ടയാളാണ് മറ്റൊരാൾക്കു നൽകാനായി ദമ്പതിമാരുടെ കയ്യിൽ ഏഴര പവൻ സ്വർണം കൊടുത്തുവിട്ടതെന്നു പരാതിയിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മെഹറൂഫ് എന്നയാൾ എത്തി സ്വർണം വാങ്ങുമെന്നാണ് പറഞ്ഞിരുന്നത്. സ്വർണമെത്തിക്കാൻ ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും നൽകാമെന്നും വാഗ്ദാനം ചെയ്തതായി പരാതിക്കാർ പറഞ്ഞു. ദമ്പതിമാരുടെ മൊഴിയിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
dddsds

