അന്താരാഷ്ട്ര ജീവകാരുണ്യ സമ്മേളനം റിയാദിൽ ആരംഭിച്ചു
റിയാദ് : ദ്വിദിന അന്താരാഷ്ട്ര ജീവകാരുണ്യ സമ്മേളനം റിയാദിൽ ആരംഭിച്ചു. സമ്മേളനം ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആന്റ് റിലീഫ് സെന്ററാണ് പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് വേദി ഒരുക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ഫോറം സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുളള ഇലക്ട്രോണിക് സർവ്വീസ് സൗദി എയ്ഡ് പ്ലാറ്റ് ഫോം ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
ജി.സി.സി രാഷ്ട്രങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. സൗദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആന്റ് റിലീഫ് സെന്റർ മേധാവിയും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽ റബീഅ് വിശദീകരിച്ചു.
40 രാജ്യങ്ങളിൽ 300 പദ്ധതികളാണ് സൗദി അറേബ്യ നടപ്പിലാക്കുന്നത്. നിർധനർക്കും ദുരിതം നേരിടുന്നവർക്കും സാന്ത്വനം നൽകുന്നതിന് കിംഗ് സൽമാൻ റിലീഫ് സെന്റർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും ഡോ. റബീഅ് പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുദ്ധ ഭൂമിയിൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതിനുള്ള വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്തു.

