സൗദിയിൽ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണു; രണ്ട് സൈനിക ഓഫീസർമാർ കൊല്ലപ്പെട്ടു
ശാരിക
റിയാദ്: സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് ഉദ്യോഗസ്ഥർ മരണപ്പെട്ടതായി സഖ്യസേന അറിയിച്ചു. സാങ്കേതിക തകരാറിനെത്തുടർന്നാണ് സൗദി നാഷണൽ ഗാർഡിന്റെ 'എ.എച്ച്-6 ഐ' (AH-6i) വിഭാഗത്തിൽപ്പെട്ട നിരീക്ഷണ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനിക ഓഫീസർമാർക്കും ജീവൻ നഷ്ടമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ബോയിങ് കമ്പനി വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്ററുകൾ ചെറിയ വലിപ്പവും താരതമ്യേന കുറഞ്ഞ റഡാർ, ദൃശ്യ സാന്നിധ്യവുമുള്ളവയാണ്. നഗരങ്ങളിലും പർവ്വത പ്രദേശങ്ങളിലും ഒരുപോലെ മികച്ച രീതിയിൽ പ്രവർത്തിക്കാനും കുത്തനെ അഭ്യാസങ്ങൾ നടത്താനുമുള്ള ഉയർന്ന ശേഷി ഇവയ്ക്കുണ്ട്. സായുധ നിരീക്ഷണത്തിനും പ്രത്യേക സേനയ്ക്ക് അകമ്പടി സേവിക്കുന്നതിനും ഏറെ അനുയോജ്യമായ ഇത്തരം ഹെലികോപ്റ്ററുകളിൽ വിപുലമായ സെൻസർ സംവിധാനങ്ങൾ ഉള്ളതിനാൽ രാപ്പകലില്ലാതെ ദൗത്യങ്ങൾ നിർവ്വഹിക്കാൻ സാധിക്കും.
്േോേ്േ

