റിയാദ് വിമാനത്താവളത്തിലെ ഹൂത്തി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശി
ശാരിക
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ ഐ.ടി പ്രൊഫഷണൽ മുഹമ്മദ് യൂസുഫ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുക്കളും എം.പി അസദുദ്ദീൻ ഉവൈസിയും സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നാട്ടിൽ നിന്നെത്തിയ കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പോകാനായി ഒക്ടോബർ 10-ന് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യൂസുഫിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും അമ്മായിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. യൂസുഫിന്റെ ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ ഒരു മകന് കാൽമുട്ട് ശസ്ത്രക്രിയ നടത്തേണ്ടിവന്നപ്പോൾ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. അമ്മായിയുടെ പരുക്ക് ഗുരുതരമല്ല. ദുരന്തത്തിനിരയായ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അസദുദ്ദീൻ ഉവൈസി കത്തയച്ചിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബഷീർ അഹമ്മദ് ഉറപ്പുനൽകിയതായും എം.പി വ്യക്തമാക്കി.
േ്ിേ്ി

